Saturday, 7 January 2012

ഓര്‍മ്മകളില്‍ ഒരു പന്തയം

പ്രീഡിഗ്രിക്കു പഠിച്ചിരുന്ന കാലം.... കോളേജില്‍ അല്ലറ ചില്ലറ അടിയും കുത്തും ഒക്കെ ആയി വളരെ നല്ല ചീത്തപ്പേര് നിലനിര്‍ത്തി കൊണ്ട് പഠനത്തില്‍ മാത്രം ശ്രദ്ധിക്കാതെ നടന്ന കാലം. കുരുത്തക്കെടില്‍ ആരു മുന്നില്‍ നില്‍ക്കുംഎന്ന കാര്യത്തില്‍ മത്സരിച്ചിരുന്ന ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ - ഉമ്മര്‍,സലിം,മന്‍സൂര്‍,കോയ,പിന്നെ ഞാന്‍ ആദി‍.................

ഒരു സമര ദിവസം രാവിലെ കോളേജിലെത്തിയപ്പോള്‍ സ്വയം പ്രഖ്യാപിത നേതാവായ ഉമ്മര്‍ പറഞ്ഞു,
'നമുക്കിന്ന് ശിരുവാണി ഡാം കാണാന്‍ പോകാം രാത്രി കാടിന്നുള്ളില്‍ തന്നെ താമസിക്കുകയും ചെയ്യാം.'
ഇതു കേട്ട് 'കാട് എന്താ നിന്‍റെ അമ്മായിഅമ്മയുടെ വീടാണോ താമസിക്കാന്‍ ' എന്നു മനസ്സില്‍ പറഞ്ഞെങ്കിലും പുറത്തു വന്നത് 'അളിയാ നമുക്കു പോയി അടിച്ചു പൊളിച്ചു വരാം' എന്നായിരുന്നു. മറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ചുമ്മാ അവന്‍റെ ഇടി മേടിക്കും എന്നറിയാവുന്നതു കൊണ്ടായിരിക്കണം നാവ് അവസരോതമായി പെരുമാറിയതു! എനിക്കു കാട്ടില്‍ പോകാന്‍ പേടി ഉണ്ടായിട്ടൊന്നും അല്ല, വെറുതെ എന്തിനാ വല്ല ആന കുത്തിയൊ, പുലി പിടിച്ചൊ ചാകുന്നതു എന്ന വിഷമം മാത്രം.

അങ്ങിനെ എല്ലാവരും ബസ്സിലേറി യാത്ര തിരിച്ചു. പാലക്കയം വരെയെ ബസ് സര്‍വീസ് ഉള്ളൂ അവിടെ നിന്നും ശിരുവാണി ഡാമിലോട്ട് പിന്നെയും16 കിലൊമീറ്റര്‍ ഉണ്ട്. ജീപ് സര്‍വീസ് മാത്രമെ ഡാമിലോട്ടുള്ളൂ. അടുത്ത ജീപ്പിന്റെ വരവിനായി ഞങള്‍ എല്ലാം അക്ഷമരായി കാത്തിരുന്നു. പക്ഷെ ഞങളുടെ ഭാഗ്യത്തിനു അപ്പോഴാണ്‌ ഡാമിലെ ജീവനക്കാര്‍ക്ക് ഭക്ഷണ സാധനങ്ങളുമായി പോകുന്നലോറി അതുവഴി വന്നത്. ഡ്രൈവറെ മണിയടിച്ച് അതില്‍ വലിഞ്ഞു കയറി. അയാള്‍ ശിരുവാണിയെ കുറിച്ച് എല്ലാം വിവരിച്ചു തന്നു. നിറയെ വന്യമൃഗങ്ങള്‍ ഉള്ള സ്ഥലമാണെന്നും അവിടെ കുഴപ്പക്കാരനായ ഒറ്റകൊമ്പുള്ള ഒരു ഒറ്റയാന്‍ ഉണ്ടെന്നും, അവന്‍ കുറ ആളുകളെ ഓടിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒരാഴ്ച മുന്‍പ് പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ഒരളെ വലിച്ചു കീറിയ കാര്യവും കൂട്ടത്തില്‍ പറയാന്‍ മറന്നില്ല. എന്തായാലും മുന്നോട്ട് വെച്ച കാല്‍ പുറകോട്ടെടുക്കുന്ന ശീലം പണ്ടേ ഞങ്ങള്‍ക്കില്ലാത്തതു കൊണ്ടു മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. ഡാമില്‍ ഇറക്കി വിടുമ്പോള്‍ , തിരിച്ചു പോരുന്നോ, ഇനിയും സമയമുണ്ട് അലോചിക്കുവാന്‍ എന്നു കളിയാക്കി പറഞ്ഞ ഡ്രൈവറോട് ഒറ്റയാന്‍റെ കുത്ത് കൊണ്ട് ചാകാനാണ് യോഗമെങ്കില്‍ അതായിക്കൊട്ടെ എന്നു ഞങ്ങള്‍ തിരിച്ചു പറഞ്ഞു. അതു കേട്ട് ഞങ്ങളെ ആക്കിയ ഒരു ചിരിയും ചിരിച്ച് അയാള്‍ തിരിച്ച് പോയി.

തമിഴ് ആര്‍ക്കിടെക്ച്ചറില്‍ നിര്‍മ്മിച്ച അതി സുന്ദരമായ ഒരു ഡാം. ചുറ്റും ഇട തൂര്‍ന്ന മരങ്ങള്‍ . ഞങ്ങള്‍ ആ പ്രകൃതി സൌന്ദ്യര്യമെല്ലാം ആസ്വദിച്ച് റോഡിലൂടേ നടന്ന് ഡാമിന്‍റെ താഴ്ഭാഗത്തേക്ക് പോയി. അവിടെ ചെന്ന് ആദ്യം തന്നെ കൂടെ കൊണ്ടു വന്ന കുപ്പി പൊട്ടിച്ച് അടി തുടങ്ങി. അവിടെ തന്നെ ഇരുന്നു അത് തീര്‍ത്ത് വീണ്ടും മുകളിലോട്ട് പോയി. അകത്തുചെന്ന വീര്യം തന്ന ധൈര്യത്തില്‍ ആന ഞങള്‍ക്കു പുല്ലാണ് എന്ന മുദ്രാവക്യവും മുഴക്കി, ധൈര്യമുണ്ടേൽ ഇറങ്ങിവരാൻ പറ്ഞ്ഞ് കാട്ടിലോട്ട് കയറി. പാവം ആന, പേടിച്ചിട്ട് ഇറങ്ങി വന്നില്ല എന്ന് മാത്രമല്ല, അങ്ങനെ ഒരു ആന അവിടെ ഉള്ളതായി പോലും തോന്നിയില്ല.

അവിടെ നിന്നും നേരെ കൊയമ്പത്തൂരിലേക്ക് വെള്ളം പമ്പു ചെയ്യുന്ന പമ്പ് ഹൌസിലേക്ക് പോകാന്‍ തീരുമാനിച്ചു. ഡാമില്‍ നിന്നും ഏകദെശം 6 കിലോമീറ്റര്‍ കാടിനുള്ളിലെ റോഡിലൂടെ നടന്നു പോകണം. അവിടെ ഒരു വാച്ച്മാന്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ സാധനങ്ങളുമായി വരുന്ന ഒരാളെ മാത്രമെ മനുഷ്യനായി ഇയാള്‍ കാണാറുള്ളു .ഞങ്ങളെ വളരെ സന്തോഷത്തോടെ അദ്ധേഹം സ്വീകരിച്ചു. പമ്പ് ഹൌസെല്ലാം തുറന്നു കാണിച്ചു തരികയും ചെയ്തു. അയാളുടെ ക്വാര്‍ട്ടെര്‍സില്‍ തിരിച്ചെത്തിയപ്പോള്‍ അതിന്‍റെ ഭിത്തിയിലെല്ലാം മണ്ണു പറ്റിയിരിക്കുന്നു. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പറഞ്ഞു,' 'ഇന്നലെ ഒരു ഒറ്റയാന്‍ വന്നു ദേഹം ഉരച്ചിട്ട് പോയതാ'. പിന്നെ ഡ്രൈവര്‍ പറഞ്ഞ ആ കഥ, കഴിഞ്ഞ ആഴ്ച മീന്‍ പിടിക്കാന്‍ വന്ന മൂന്നു പേരില്‍ ഒരാളെ ഇവന്‍ വലിച്ചു കീറിയ കാര്യം കൂടെ പറഞ്ഞപ്പോള്‍ ഞങ്ങളെ കുറേശ്ശെ ഭീതി കീഴടക്കാന്‍ തുടങ്ങി. വന്ന ആവെശം ഇപ്പോള്‍
ആരിലും കാണാനില്ല!

അവിടെ നിന്നു തിരിച്ചു ഡാമിലേക്കു പോകുകയും അവിടെയുള്ള ഒരു ക്വാര്‍ട്ടെഴ്സില്‍ രാത്രി കഴിച്ചു കൂട്ടാനുള്ള പെര്‍മിഷന്‍ എടുക്കുകയും ചെയ്തു.സമയം 6 മണിആയപ്പോഴെ ആകെ ഇരുട്ടായി. മൂടല്‍ മഞ്ഞും, ചൂളം കുത്തുന്ന തണുത്ത കാറ്റും ഒക്കെക്കൂടി രാത്രി ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വല്ലാതെ തണുത്തപ്പോള്‍ ഒന്നു ചൂടാക്കാനുള്ള കാര്യത്തെ കുറിച്ച് ചര്‍ച്ചയായി. അവിടെയുള്ള ഒരാളോട് ചോദിച്ചപ്പോള്‍ 2 കിലോമീറ്റര്‍ അകലെ സൊയമ്പന്‍ സാധനം കിട്ടുന്ന സ്ഥലം ഉണ്ടെന്നും അതു ആദിവാസികള്‍കു വേണ്ടി ഉള്ള ഒരു സെറ്റ് അപ്പാണെന്നും പറ്ഞ്ഞു. അപ്പോഴാണു ആരു പോയി വാങ്ങിക്കും എന്ന പ്രശ്നം പൊങ്ങി വന്നത്. ആനയുടെ കഥയെല്ലം കേട്ട് എല്ലാവരും ഉള്ളില്‍ പേടിച്ചിരിക്കുകയാണ്.

ആരും ഒന്നും പറയുന്നില്ല. പോയി വാങ്ങുന്നതില്‍ നിന്നും രക്ഷപെടുന്നതിനും എനിക്ക് പേടിയില്ലെന്ന് തെളിയിക്കുന്നതിനും കിട്ടിയ അവസരം പാഴാക്കാതെ ഞാന്‍ പറഞ്ഞു,

'എനിക്കു 100 രൂപ തരികയാണേല്‍ ഞാന്‍ പോയി കൊണ്ടുവന്നു തരാം.'

എനിക്കറിയാം ആരും അതിനു സമ്മതിക്കില്ലെന്ന്. പക്ഷേ സംഭവിച്ചതു നേരെ മറിച്ചാണ്. അപ്പോഴെ ഉമ്മര്‍ 100 രൂപയെടുത്ത് മേശപ്പുറത്ത് വെച്ചു പറഞ്ഞു, 'പോയി സാധനം കൊണ്ടു വന്നിട്ട് എടുത്തൊ!' അങ്ങനെ ഞാന്‍ ഈ കുടുക്കിലേക്ക് സ്വയം തല വെച്ചു കൊടുത്തു. എവിടെയോ കിടന്നിരുന്ന വയ്യാവേലി...ഒന്നും വേണ്ടിയിരുന്നില്ല....

അങ്ങനെ ഞാന്‍ എഴുനെറ്റ്‌ പുറത്തോട്ട് നോക്കി ... ഒന്നും കാണാനില്ല. ഒരു വിളക്കും കൂടി ഇല്ലാതെ എങ്ങിനെ പോകും എന്നു ചിന്തിച്ചു നില്‍കുമ്പോഴാണു ഒരു കൈ എന്‍റെ ചുമലില്‍ പിടിച്ചത് ... അതു സലീമിന്‍റേതായിരുന്നു. അവന്‍ പറഞ്ഞു, 'നീ ഒറ്റക്ക് പോണ്ടാ
ഞാനും കൂടെ വരാം'. ഒരു സുഹൃത്ത് എന്നു പറഞ്ഞാല്‍ എന്താണെന്നു ഞാന്‍ അവ്നിലൂടെ ആണു മനസ്സിലാക്കിയിരിക്കുന്നതു. സുഹുത്ബന്ധത്തിനു ഇത്രയം വില കൊടുക്കുന്ന ഒരാളെ അവനു മുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല. അവന്‍ കൂടെ ഉള്ളതു കൊണ്ടു എന്‍റെ പേടിക്ക് ചേറിയ ഒരു കുറവ് വന്നു.

ഞങ്ങള്‍ രണ്ടാളും നേരെ ഷാപ്പ് ലക്ഷ്യം വച്ചു നടന്നു. റോഡിന്‍റെ ഇരു വശങ്ങളില്‍ നിന്നും പല തരം ശബ്ദങ്ങള്‍ , ചീവീടു കരയുന്നതും,
രാത്രി സഞ്ചാരികളായ പക്ഷികളുടെയും, എങ്ങുനിന്നോ വരുന്ന മൃഗങ്ങളുടെ ശബ്ദങ്ങളും, എന്തിനു പറയുന്നു കരിയിലകള്‍ അനങ്ങുന്ന ശബ്ദം പോലും വളരെ വ്യക്തമായി കേള്‍ക്കാം. ഓരോ ശബ്ദവും മനസ്സില്‍ കൂടുതല്‍ ഭീതി നിറച്ചുകൊണ്ടേയിരുന്നു. ഇടക്കിടക്ക് കോട മഞ്ഞ് ഇറങ്ങും, അപ്പോള്‍ രണ്ട് മീറ്റര്‍ ദൂരത്തിലുള്ളതു പോലും കാണാന്‍ കഴിയുന്നില്ല. പേടി കൊണ്ടു മുട്ടുകാല്‍ ഇടിക്കും എന്ന് പറയുന്നത് സത്യമാണെന്നു എനിക്കന്നു മനസ്സിലായി.

കുറച്ച് നേരം നടന്നപ്പോള്‍ അകലെ ഒരു വിളക്ക് പ്രകാശിക്കുന്നത് കണ്ടു.

ഭിത്തിയെല്ലാം കാട്ടുമരം കൊണ്ടുണ്ടാക്കിയ ഒരൊറ്റ മുറി വീട് . മുനിഞ്ഞുകത്തുന്ന റാന്തല്‍ വിളക്കിനു താഴെ ഒരു വൃദ്ധന്‍ ഇരിക്കുന്നു.
ഞങ്ങളെ കണ്ട പാടെ തനി നാടന്‍ ഭാഷയില്‍ അയാള്‍ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു. എന്നിട്ട് പറഞ്ഞു 'നിങള്‍ ഈ ചെയ്തതു വളരെ വിഡ്ഡിത്തമായി പോയി, ഇന്ന് അഞ്ചു മണിക്ക് റോഡില്‍ ആന ഇറങ്ങിയിട്ടുണ്ടായിരുന്നു, നിങ്ങളുടെ ഭാഗ്യം കൊണ്ടാണ് ഇപ്പോള്‍
ഇവിടെ എത്തിയത്. ഇനിയേതായാലും രാത്രി തിരിച്ചു പോകെണ്ട, നിങ്ങള്‍ ഇവിടെ കിടന്നോളൂ എന്നും പറഞ്ഞു. പക്ഷെ ഞങ്ങളെ കാണാതെ മറ്റുള്ളവര്‍ വിഷമിക്കും, അല്ലെങ്കില്‍ ഞങ്ങളെ തിരഞ്ഞ് അവര്‍ വരും എന്ന ചിന്ത മനസ്സില്‍ വന്നപ്പോള്‍ ഞങ്ങള്‍ പോകുകയാണെന്ന് പറഞ്ഞ് രണ്ടു കുപ്പിയും വാങ്ങി തിരിച്ചു നടന്നു.

സത്യത്തില്‍ ഞങ്ങളുടെ ഭയം അതിന്റെ പാരമ്യത്തില്‍ എത്തിയിട്ടുണ്ടായിരുന്നു. പേടി കാരണം ഞങള്‍ക്കു പരസ്പരം സംസാരിക്കന്‍ പോലും കഴിയുന്നില്ല. ഓരോ ശബ്ദം കേള്‍ക്കുമ്പോഴും അതു ഒറ്റയാനാണെന്നു തോന്നും, ഇടക്കിടെ പുറകിലോട്ട് തിരിഞ്ഞു നോക്കിയാണു നടക്കുന്നതെങ്കിലും ഇരുട്ടില്‍ ഒന്നും കാണാനും കഴിയുന്നില്ല. പെട്ടെന്നാണ് ഞങ്ങളുടെ തൊട്ടടുത്തായി വല്ലാത്തൊരു ശബ്ദം,ആ ശബ്ദത്തില്‍ ഞങള്‍ ഞെട്ടിത്തരിച്ചു നിന്നു പോയി ... വല്ലാത്ത ഭാരം കെട്ടി വച്ചതുപോലെ കാലുകള്‍ അനങ്ങുന്നില്ല ഓടണം എന്നു മനസ്സില്‍ തോന്നുന്നു, എങ്കിലും ഒരടി പോലും മുന്നോട്ട് വെക്കന്‍ കഴിയുന്നില്ല.ഞങ്ങള്‍ ഉറപ്പിച്ചു അതാ ആന ഞങ്ങളുടെ അടുത്ത് തന്നെ
എത്തിയിരിക്കുന്നു ... അതാ ആ കാലടിയൊച്ച വ്യക്തമായി കേള്‍കുന്നു, ഉടനെ തന്നെ ഞങ്ങളുടെ ശരീരം അവന്‍ വലിച്ചു കീറും. മരണ ഭയം എന്താണെന്നു ശരിക്കും തിരിച്ചറിഞ്ഞ സമയം. ഇതാ ബലിഷ്ടമായ ഒരു തുമ്പിക്കൈ എന്നെ ഉടനെ വായുവിലെക്കുയര്‍ത്തിയെടുക്കും.... വളരെ ശക്തിയോടെ നിലത്തടിച്ചു എന്റെ കഥ കഴിക്കും... വിധിക്കു മുന്നില്‍ കാലും കയ്യും തളര്‍ന്നു ഞങള്‍ നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒന്നിനുമാവാതെ കയ്യിലിരിക്കുന്ന കുപ്പിയില്‍ പിടി മുറുക്കി ഞാന്‍ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി,പക്ഷെ ഞാന്‍ തിരിഞ്ഞു നോക്കിയിടത്ത്‌ എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല.

അധികം താമസിയാതെ ഇരുട്ടില്‍ ഞങ്ങള്‍ ഒരു മുളം കാട്ടിനടുത്താണ് നിന്നിരുന്നതെന്നും, അതിന്റെ അടുത്ത് തന്നെ ഒരു മരത്തിന്റെ ഉണങ്ങിയ വലിയൊരു കമ്പ് ഒടിഞ്ഞു വീണതാണെന്നും ഞങ്ങള്‍ക്കു മനസ്സിലായി. പക്ഷെ മുളപൊട്ടുന്ന ശബ്ദവും മരക്കൊമ്പ് വീണ ശബ്ദവും എല്ലാം കൂടി പകുതി ജീവന്‍ അപ്പോള്‍ തന്നെ അപഹരിച്ചിരുന്നു. അങ്ങനെ ഒരു വിധം ഞങ്ങള്‍ മറ്റു ആപത്തുകളിലോന്നും പെടാതെ തിരിച്ച് കോര്‍ട്ടേഴ്സിലെത്തി.

എല്ലാവരുടെയും മുഖത്ത് ടെന്‍ഷന്‍ ആയിരുന്നു. അപ്പോഴും മേശപ്പുറത്ത് നൂറു രൂപാ നോട്ടു കിടക്കുന്നുണ്ടായിരുന്നു. രണ്ടു ജീവന്റെ വില! ഹൃദയമിടിപ്പ് സാധാരണ ഗതിയിലാപ്പോള്‍ ആ പണം കയ്യിലെടുത്തിട്ട് ഞാന്‍ പറഞ്ഞു,
'
'ഇനിയെന്റെ ജീവിതത്തില്‍ ഞാനൊരു പന്തയത്തിനില്ല...!!'