Tuesday 17 April 2012

സ്വപ്ന നഗരി..




മലയാളി യുവാക്കളുടെ സ്വപ്ന ഭൂമിയായ ദുബായിയില്‍ ജോലി കിട്ടി ഞാന്‍ എത്തിയിരിക്കുന്നു,റോഡ് പണിയാണു കമ്പനി ചെയ്യുന്നതു,ആദ്യത്തെ പോസ്റ്റിങ് തന്നെ ഖോര്‍ഫുക്കാന്‍ എന്ന സ്ഥലത്താണ്. പെട്ടിയും പ്രമാണവും തൂക്കി കമ്പനി വണ്ടിയില്‍ യാത്ര തുടങി, ഷാര്‍ജ ദൈദ് റോഡിലൂടെ വണ്ടി പാഞ്ഞു പോയി കൊണ്ടിരിക്കുന്നു, അങകലെ മലകള്‍ പല പല പാളികളായി കാണാം പണ്ടു കഥകളില്‍ മാത്രം കേട്ടിട്ടുള്ള കണ്ടാല്‍ ഭീതി തോന്നുന്ന ചുവന്ന പാറക്കെട്ടുകള്‍.മിക്കവാറും വിജനമായ ആ രണ്ടു വരിപ്പാതയിലൂടെ പട്ടാണി ഡ്രൈവറും ഞാനും മാത്രം. ഇടക്കിടക്കു ഞാന്‍ ചോദിക്കുന്ന ചോദ്യങള്‍ക്കു ഉത്തരങള്‍ നല്‍കികൊണ്ടു അവന്‍ ഡ്രൈവിങ് തുടര്‍ന്നു.അവന്‍റെ സ്ഥായിയായ ഭാവം മൌനം ആയിരുന്നു.ഈ യാത്രക്കൊരു അവസാനം ഇല്ലെ എന്ന ആലോചനയില്‍ ഞാനും ഇരുന്നു.

ഭാവി എന്താകും എന്നുള്ള ആശങ്കകളും പേറി പടചോനെ കാക്കണേ എന്നു മനസ്സില്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു കൊണ്ടാണ് യാത്ര, ഉത്തരവാദിത്തങള് ഉള്ള ഒരു പുതിയ ജീവിത ത്തിലേക്കുള്ള യാത്ര എന്നു വേണമെങ്കില്‍ പറയാം. അവസാനം യാത്രക്കു വിരാമമിട്ടു വണ്ടി ഒരു പോര്‍ടോ കാബിനു മുന്നില്‍ നിര്‍ത്തി. ഈ കുഞു കൂടാണോ ഓഫീസ്? എന്‍റെ മനസ്സില്‍ ഓഫീസ് എന്നു പറഞ്ഞപ്പോള്‍ നീല ചില്ലിട്ട ഒരു ബഹുനിലക്കെട്ടിടം ആയിരുന്നു. ആദ്യത്തെ പ്രതീക്ഷ തന്നെ തകര്‍ന്നല്ലൊ എന്നു ചിന്തിച്ചു കൊണ്ടു നിന്ന എന്നെ ഡ്രൈവര്‍ നേരെ ഓഫീസ് സെക്രട്ടറിയുടെ അടുത്ത് കൊണ്ടാക്കി. ഞാന്‍ എന്‍റെ കയ്യിലുള്ള ലെറ്റര്‍ അയാള്‍ക്കു കൊടുത്തു.എന്നെ ഒന്നടിമുടി നോക്കി എനിക്കൊരു റൂം കാണിച്ചു തന്നു അതില്‍ ഇരുന്നോളാന്‍ പറഞ്ഞു .മാനെജര്‍ ഒരാഴ്ച ലീവിലാണു, അദ്ദേഹം വന്നാലെ ജോലി എന്തൊക്കെ ചെയ്യണം എന്നു പറയാന്‍ പറ്റൂ എന്നും പറഞ്ഞു.

എന്‍റെ റൂമിന്‍റെ ജനലിലൂടെ കണ്ട കാഴ്ച കൂടുതല്‍ പേടി പെടുത്തുന്നതായിരുന്നു. കണ്ണെത്താദൂരത്തോളം കറുത്ത ഉരുളന്‍ കല്ലുകള്‍ കിടക്കുന്നു അതിനപ്പറുത്തു മലനിരകളും.വളരെ കുറച്ചു ആളുകളേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ,മൂകമായ ഒരന്തരീക്ഷം.പലരെയും പരിചയപ്പെട്ടു.മിക്കവാറും എല്ലാവരും മലയാളികള്,വളരെ അത്യാവശ്യത്തിനെ എല്ലാരും സംസാരിക്കൂ‍.സംസാരത്തിനൊക്കെ ടാക്സ് ഉള്ളത് പോലെ തോന്നിച്ചു.

അങിനെ ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം എന്‍റെ റൂമിലോട്ടു കട്ടി ഗ്ലാസ് വെച്ച് കട്ടി മീശയുള്ള ഒരാള്‍ കയറി വന്നു.
മാനേ ‍: എന്താ പേര്
ഞാന്‍: നൌഷാദ് എന്നാണു സാര്‍
മാനേ ‍: ഇതിനു മുന്‍പ് ജോലി എടുത്ത പരിചയം ഉണ്ടോ അതോ കോസ്റ്റ് കോഡ് ആണോ?
ഞാന്‍ :നാട്ടില്‍ വര്‍ക് ചെയ്ത പരിചയം ഉണ്ട് സാര്‍.. ഒരു കൊല്ലമായി ഗുജറാത്തില്‍ ആയിരുന്നു അവിടുന്നാണു ഞാന്‍ ഇങോട്ടു പോന്നതു.എന്താണ് സാര്‍ ഈ കോസ്റ്റ് കോഡ്?
മാനേ ‍: കോസ്റ്റ് കോഡ് എന്നു വെച്ചാല്‍ തന്‍റെ ബന്ധുക്കള്‍ ആരെങ്കിലും ഈ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടോ അവരുടെ കേറോഫില്‍ ആണോ വന്നിരിക്കുന്നതു എന്ന്.
ഞാന്‍ : ഇല്ല സാര്‍ ഞാന്‍ ബോംബെയില്‍ ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു വന്നതാ.(ഞാന്‍ വന്നതു ഒരളുടെ കേറോഫില്‍ ആണെങ്കിലും അതു പറ്ഞ്ഞില്ല)
മാനേ ‍: ഓകെ കേറോഫ് ഇല്ലെങ്കില്‍ ഇവിടെ കിടന്നു ജീവിച്ചു പോകാന്‍ വല്യ
പാടായിരിക്കും .
ഞാന്‍ : ഞാന്‍ നന്നായി ഹാര്‍ഡ് വര്‍ക്കു ചെയ്യും സാര്‍.എക്സ്പീരിയന്‍സ് ലെറ്റര്‍ വേണെങ്കില്‍ കാണിച്ചു തരാം. (അതില്‍ എന്‍റെ പഴയ മാനെജറെ കൊണ്ടു ഞാന്‍ ഹാര്‍ഡ് വര്‍ക്കര്‍ ആണുഎന്നു പ്രെത്യേകം എഴുതിച്ചിരുന്നു.)
മാനേ ‍: ചെയ്താല്‍ നിനക്കു കൊള്ളാം, ഞാന്‍ ആറു മാസം നോക്കും മര്യാദക്കു പണി ചെയ്തില്ലെങ്കില്‍ ടെര്‍മിനേറ്റ് ചെയ്യും മനസ്സിലായോ ?
ഞാന്‍ : (ഇടറുന്ന ശബ്ദത്തില്‍) സാര്‍ ഞാന്‍ ശെരിക്കും ജോലി എടുത്തോളാം സാര്‍......


ഇതു കേട്ട് കൊണ്ടു അപ്പൊഴെക്കും എന്‍റെ ഫ്രണ്ടായ ജൂനിയര്‍ എഞിനീയര്‍ കയറി വന്നു,അവന്‍ പറ്ഞ്ഞു ‘ഡാ നീ ഈ കോപ്പനെ അണോടാ സാര്‍ എന്നു വിളിക്കുന്നെ നിനക്കു വേറെ പണിയില്ലെടാ` അപ്പൊ ഇയാളല്ലെ നമ്മുടെ മാനേജര്‍ എന്നുള്ള എന്‍റെ ചോദ്യം കേട്ട് അപ്പുറത്തുള്ളവരെല്ലാം കൂടി വന്നു ചിരി തുടങി. ഞാന്‍ മൊത്തത്തില്‍ ഐസായി പ്പോയി...

അപ്പോള്‍ സെക്രറ്ററി പറ്ഞ്ഞു ‘ഇവന്‍ ഇവിടെയുള്ള ലാബിലെ അസിസ്റ്റന്‍റ് ആണു ഇതിവന്‍റെ സ്ഥിരം പരിപാടിയാ ആരൊക്കെ പുതിയതായി വരുന്നൊ അവരെ കൊണ്ട് സാര്‍ എന്ന് വിളിപ്പിക്കല്‘‍....നീ ഇതൊന്നും കാര്യാക്കെണ്ട...


എന്‍ ബി: ആ ഡേഷിനെ കണ്ടാല്‍ ഒരു മാനെജറുടെ ഫേസ് കട്ട് ആയിരുന്നു :)

Wednesday 4 April 2012

1998ലെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഒരു ദിവസം....!

സമയം രാവിലെ 3:45 അലാറം അടിക്കുന്ന ശബ്ദം കേട്ട് ചാടിയെഴുന്നെറ്റു നെരെ സ്വെറ്റര്‍ എടുത്തിട്ടു ബാത്ത്റൂമിലോട്ടു ഓടി, എന്തിനാ സ്വെറ്റെര്‍ ഇട്ടെ എന്നു നിങള്‍ക്കു സംശയം ഉണ്ടാകും ആസ്ബെസ്റ്റോസ് മേഞ കൂരയാണു ഞങളുടെ ക്യാമ്പ്, ഇതില്‍ നിന്നും ഡോര്‍ തുറന്നാല്‍ നേരെ പുറത്തെ തണുപ്പിലോട്ടാണു ഇറങുക.ഹോ ആ തണുപ്പ് സഹിക്കാന്‍ കഴിയില്ല. ഓടിപ്പോയി റ്റോയ്ലെറ്റിലോട്ടുള്ള ക്യൂവില്‍ നില്‍ക്കുന്നു അങിനെ ഒരു വിധം റ്റോയ്ലറ്റ് എല്ലാം കഴിഞ്ഞു നേരെ ബാത്ത്റൂമിലോട്ടുള്ള ക്യൂ നിന്നു.ചൂടുവെള്ളം എന്നതു 3 മണിക്ക് എണീറ്റ് വരുന്ന ഏതാനും ചില ഭാഗ്യവാന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതാണു.ആ മരം കോച്ചുന്ന തണുപ്പില്‍ തണുത്ത വെള്ളത്തില്‍ കുളിച്ച് പുറത്തിറങി, ഡ്രെസ്സ് ചെയ്തു മെസ്സില്‍ കേറി റബ്ബര്‍ ഷീറ്റും (പോറോട്ടയുടെ കനവും വലിയ ചപ്പാത്തിയുടെ വലുപ്പവും രബ്ബര്‍ഷീറ്റിന്‍റെ ആക്രിതിയും ഉള്ള മൈദ കൊണ്ടുള്ള ഒരു സംഭവം) കറിയും കഴിച്ചു, 

ഹോ സമയം പോയി ..! സൈറ്റിലോട്ടുള്ള മിനി ബസ് 5:10നു പോകും . അഞ്ചു മണിക്കെങ്കിലും കേറിയിരുന്നില്ലെങ്കില്‍ നടുവിലെ സീറ്റ് കിട്ടുന്ന ഹതഭാഗ്യരില്‍ ഞാനും ഉള്‍പെടും. മടക്കി വെക്കുന്ന ആ സീറ്റില്‍ ഇരുന്നാല്‍ ചാരി ഇരിക്കാന്‍ കഴിയില്ല, എന്നതിനു പുറമെ രാവിലെത്തെ ഉറക്കവും നഷ്ടപ്പെടും. 45മിനുട്ട് അങിനെ ചാഞ്ഞിരിക്കേണ്ടി വരും ഭാഗ്യത്തിനു ഞാന്‍ കേറുമ്പൊള്‍ സൈഡിലെ സീറ്റ് കാലിയുണ്ടു, നേരെ കേറിയിരുന്നു ഉറങി സൈറ്റിലെത്തി. തലേന്നു രാത്രി ചെയ്തു വെച്ച ജോലിയുടെ ബാക്കി എടുത്തു ചെയ്യാന്‍ തുടങി. ഇന്നു രാവിലെ സബ്മിറ്റ് ചെയ്യണം എന്നു, ഇന്നലെ വൈകീട്ട് അഞ്ചു മണിക്കു വന്നു പറ്ഞ്ഞുപോയതാ മാനെജര്‍, അവനൊക്കെ പറ്ഞ്ഞു പോയാല്‍ മതിയല്ലൊ.....ഇന്നലെ രാത്രി 12 മണി വരെ പണിതാണു പകുതിയെങ്കിലും തീര്‍ക്കാന്‍ കഴിഞ്ഞതു. പണ്ടു തുമ്പിയെ കൊണ്ടു കല്ലെടുപ്പിച്ചതിനുള്ള ശിക്ഷയാണു ഇവനെ ഒക്കെ മാനേജര്‍ അയികിട്ടാന്‍ കാരണം എന്നു ഞാന്‍ സ്വയം സമാധാനിക്കും.

രാത്രി 8 മണിക്കെങ്കിലും റൂമില്‍ തിരിച്ചെത്തുക എന്നുള്ളതു ആ കാലത്തെ എന്‍റെ ഏറ്റവും വലിയ ആഗ്രഹങളില്‍ ഒന്നായിരുന്നു. പക്ഷെ അതു വെറും ആഗ്രഹമായിതന്നെ നിലനില്‍ക്കുകയാണു ചെയ്തതു. നോര്‍മലി എല്ലാദിവസ്വും 10 മണിക്കാണു തിരിച്ചു ക്യാമ്പില്‍ എത്തുക. കാലമാടന്‍ മാനേജര്‍ നാളെ തീര്‍ക്കണം എന്നു പറ്ഞ്ഞു വന്നാല്‍ രാത്രി 12 മണി വരെ ഇരുന്നെ പറ്റൂ.

സമയം രാവിലെ 9 മണിയായി മാനെജര്‍ എത്തി, നേരെ എന്‍റടുത്ത് വന്നു. അവന്‍റെ മുഖം കണ്ടാല്‍ തന്നെ അറിയാം അവനിന്നു ഭാര്യയില്‍ നിന്നും തെറി കിട്ടിയാണു വന്നിരിക്കുന്നത്. ഇന്നു ആ ദേഷ്യം മുഴുവന്‍ എന്‍റെ മേല്‍ തീര്‍ക്കും. എന്നത്തെയും പോലെ ആ ചോദ്യം ആവര്‍ത്തിച്ചു, പണി തീര്‍ത്തോ? കുറച്ചു കൂടി ബാക്കി ഉണ്ടെന്നു പറ്ഞ്ഞു, പിന്നെ 10 മിനിറ്റ്  എഫ് ഇല്‍ തുടങുന്ന വാക്ക്   ചേര്‍ത്തുള്ള ഒരു 10 തെറി, ‘നിന്നെ ഞാന്‍ ഇന്നു റ്റെര്‍മിനേറ്റ് ചെയ്യും നീ പണി ചെയ്യാന്‍ കള്ളനാണ്’‘ തുടങിയ പതിവു ഡയലോഗും അടിച്ചു. ഇതെന്നും കേള്‍കുന്നതു കാരണം ഞാന്‍ അത്ര കാര്യമാക്കിയില്ല. നാലാള്‍ ചെയ്യേണ്ട പണിയാണു ഒറ്റക്കു എന്നെ കൊണ്ടു ചെയ്യിക്കുന്നതു എന്നു അവനു തന്നെ അറിയാം പക്ഷെ സമ്മതിച്ചു തരില്ല. 

11 മണിയോടെ ഡ്രോയിങ് എല്ലാം തീര്‍ത്ത് കൊണ്ടു പോയി കൊടുത്തു. തിരിച്ചു വരുമ്പോള്‍ തന്നെ അടുത്ത പണി തന്നു.വൈകുന്നെരം ആകുമ്പോഴെക്കും അത് തീര്‍ന്നിരിക്കണം.ആ ലക്ഷ്യം മാത്രം മുന്നില്‍ വെച്ചു പണിയെടുത്തു കൊണ്ടിരുന്നു. ലഞ്ച്ബ്രേക് ഒരു മണിക്കൂര്‍ ഉണ്ടെന്നാണു വെപ്പ്, പക്ഷെ ഒരു ചിക്കന്‍ സാന്‍ഡ്വിച്ച് കഴിക്കാനുള്ള സമയമേ സാധാരണ കിട്ടാറുള്ളൂ. ഇന്നു ഭാഗ്യത്തിനു അഞ്ചു മണിക്കുള്ള ഓര്‍ഡര്‍ ഒന്നും കിട്ടിയിട്ടില്ല, 10 മണിക്കെങ്കിലും റൂമിലെത്താം എന്ന സന്തോഷത്താല്‍ എന്‍റെ മനസ്സില്‍ കുറെയധികം ലഡ്ഡു പൊട്ടി കൊണ്ടേ ഇരുന്നു.

സമര്‍പ്പണം
ഇന്നു എല്ലാ സൌകര്യങ്ളും ഉണ്ടായിട്ടും അതൊന്നും മനസ്സിലാക്കാതെ ജീവിക്കുന്നവര്‍ക്കു വെണ്ടി....!!

Sunday 1 April 2012

എന്‍റെ റോസി



പ്രിയ റോസി,  സ്നേഹം എന്താണെന്ന് നീയാണെനിക്കാദ്യം പഠിപ്പിച്ചു തന്നത്.
എനിക്കു വേണ്ടി എന്തും ചെയ്യാന്‍നീ തയ്യാറായിരുന്നു. നമ്മള്‍ ഒരുമിച്ചു കഴിഞ്ഞ 
ആ നല്ല നാളുകള്‍ എന്‍റെ മനസ്സില്‍ എപ്പോഴും തെളിഞ്ഞു വരാറുണ്ട്. 
സ്നേഹിച്ചവര്‍ വഞ്ചിച്ചാല്‍ അതു പെട്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു 
വരില്ല, അതാണു നിനക്കും സംഭവിച്ചത്, ഞാന്‍ നിന്നെ
വഞ്ചിച്ചു എന്നു നീ അറിഞ്ഞപ്പോഴേക്കും നീ ഈ ലോകത്തു
നിന്നും വിട പറ്ഞ്ഞിരുന്നു.അവസാന നിമിഷത്തില്‍
‘എന്നോട് എന്തിനിങ്ങിനെയൊരു കടും കൈ ചെയ്തു`
എന്നചോദ്യവുമായി കണ്ണടച്ച നിന്‍റെ മുഖം എന്‍റെ
മനസ്സില്‍ നിന്നും ഇപ്പോഴും മാഞ്ഞിട്ടില്ല.എനിക്കത്
ഈ ജീവിതത്തില്‍ മറക്കാന്‍ കഴിയുകയില്ലെന്ന
സത്യം നിനക്കും നന്നായറിയാം.

 ആള്‍സെഷ്യന്‍ ജനുസ്സില്‍ പെട്ട നിന്‍റെ മാതാവ് നിന്നെ പ്രസവിച്ച
 കാര്യം അറിഞ്ഞപ്പോള് ഞാനവിടെയെത്തി നിന്നെയും
നിന്‍റെ സഹോദരന്മാരെയും നോക്കി നില്‍കുമായിരുന്നു,
അഞ്ച് ആങ്ങളമാര്‍ക്കുള്ള ഒരേയൊരു  പെങ്ങളായിരുന്നു നീ
നിന്നെ വീട്ടിലേക്ക് കൊണ്ടു വരുവാന്‍ ഞാനന്ന് എന്തെല്ലാം
സാഹസങ്ങളും ത്യാഗങ്ങളും ചെയ്തു എന്നത് നിനക്കറിയില്ല.
നിനക്കു വേണ്ടി ഞാന്‍ ആഹാരംപോലും ബഹിഷകരിച്ചിരുന്നു
എന്‍റെ പിടിവാശിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാണ്
നിന്നെ വീട്ടിലോട്ടു കൊണ്ടു വരാന്‍ ഉമ്മ സമ്മതിച്ചത്.
ലോകം കീഴടക്കിയ സന്തോഷത്തോടെ നിന്നെ എന്‍റെ മാറോടണച്ചു
പിടിച്ച് വീട്ടിലേക്ക് കൊണ്ടു വരുമ്പോള്‍ നീ  കുഞ്ഞു നാവു
കൊണ്ടു എന്‍റെ കയ്യില്‍ നക്കി ചെറിയ ശബ്ദം പുറപ്പെടുവിച്ചിരുന്നു.
ആ വരുന്ന വഴിക്ക് തന്നെ നിനക്കു റോസി എന്നു പേരിടുകയും ചെയ്തു.

 നിനക്കു പാല്‍ തരുവാന്‍ വേണ്ടി വീട്ടിലെ ഒരു നല്ല സ്റ്റീല്‍ പാത്രം
എടുത്തതിന് ഉമ്മ എന്നെ ശകാരിച്ചത് കേട്ട് നീ എന്‍റെ മുഖത്തേക്ക് സങ്കടത്തോടെ
നോക്കി നിന്നത് ഞാനിപ്പോഴും  ഓര്‍ക്കുന്നു. പിന്നെ പിന്നെ
ഉമ്മാക്കും നിന്നെ ഇഷ്ടമായി തുടങ്ങി. നിന്‍റെ കുസൃതികളെല്ലാം ഞങള്‍
ആസ്വദിച്ചിരുന്നു.ഒരു ദിവസം മുറ്റത്ത്  പാമ്പിഴയുന്നത് കണ്ടപ്പോള്‍  നീ ഉറക്കെ  കുരച്ച് ഞങ്ങളെ വിവരം അറിയിച്ചതടക്കം  ഞങ്ങള്‍ക്കായുള്ള നിന്‍റെ എണ്ണമറ്റ സേവനങ്ങള്‍ .ഞാനിപ്പോഴും ഓര്‍ക്കുന്നു.

ഞാന്‍ സ്കൂളില്‍  പോവുമ്പോള്‍ അടുത്തുള്ള തോടു വരെ നീ 
കൂടെ വന്നു സ്നേഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു.സ്കൂളിലെ ശത്രുക്കള്‍
ആരെങ്കിലും നിന്നെ കണ്ടു കല്ലെടുത്തെറിയുമോ എന്ന ഭയത്താല്‍
നിന്നോട് ഞാന്‍ തിരിച്ചു പോകാന്‍ പറയുകയായിരുന്നു പതിവ്.
സ്കൂള്‍ കഴിഞ്ഞു തിരിച്ചുവീട്ടില്‍ എത്തുമ്പോള്  ഓടി വന്നു എന്റ്റെ
കാലുകളില്‍ നിന്‍റെ ശരീരം ഉരച്ച് നീ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു,
വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ കൊടുക്കാന്‍ വച്ച ബിസ്കറ്റ് നിനക്കു
തരുന്നതിനു ഉമ്മയുടെ അടി എനിക്കു കിട്ടിയതിനു കണക്കുണ്ടാകില്ല.

  മറ്റാരോടും ഇല്ലാത്ത ഒരു സ്നേഹമായിരുന്നു എനിക്കു നിന്നോടുണ്ടായിരുന്നത്.
അത് നീ മനസ്സിലാക്കിയിരുന്നതു കൊണ്ടല്ലേ  കഴുത്തില്‍ കയര്‍
ഇടാന്‍ നീ എന്നെ അനുസരിച്ചതു,അവസാനനിമിഷം വരെയും
നിനക്കെന്നെ പൂര്‍ണ്ണ വിശ്വാസമായിരുന്നു.നമ്മുടെ ബന്ധത്തില്‍
ഉലച്ചില്‍ വന്നതെവിടെ ആണെന്നു നിനക്കോര്‍മ്മയുണ്ടോ?
നീ വളര്‍ന്ന് വലുതായി സുന്ദരി ആയപ്പോള്‍ നിന്നെ തേടി
കാമുകന്മാര്‍ എത്തി നമ്മുടെ വീട്ടില്‍ സ്ഥിര താമസം ആക്കിയപ്പോള്‍
വീട്ടിലോട്ട് ആര്‍ക്കും വരാന്‍ കഴിയാത്ത ഒരു അവസ്ഥയായി മാറി.
അവരോട് ഇറങ്ങിപോവാന്‍ പറയാന്‍ ഞാന്‍ നിന്നോട് പറ്ഞ്ഞപ്പോള്‍
നീ ഒന്നും പറയാതെ തലയും കുനിച്ചു നില്കുകയാണു ചെയ്തത്..അത്രയും
കാലം വളര്‍ത്തി വലുതാക്കിയ എന്‍റെ വാക്കിനു നീ ഒരു വിലയും കല്പിച്ചില്ല.

 ഒരു ദിവസം സ്കൂളില്‍ നിന്നും ഉച്ചക്കു ഭക്ഷണം കഴിക്കാന്‍ ഓടി
വന്ന എന്നെ  നിന്‍റെ കാമുകന്മാര്‍ വീടിനു ചുറ്റും ഇട്ടോടിച്ചപ്പോള്‍
നീ നിസ്സംഗതയോടെ നോക്കി നിന്നതു എന്‍റെ മനസ്സിനെ വേദനിപ്പിച്ചു.
ഞാന്‍ വലിയ വായില്‍ നില വിളിച്ചു ജനലിന്‍റെ മുകളിലോട്ടു
കയറിയ സമയത്തു ഉമ്മ വടിയുമായി എത്തി നിന്‍റെ കാമുകന്മാരെ
ഓടിച്ചതു കാരണമാണു ഞാന്‍ രക്ഷപെട്ടതു അല്ലെങ്കില്‍  പുക്കിളില്‍
പത്തു സൂചി ഡോക്ട്ടര്‍ കുത്തിക്കയറ്റുമായിരുന്നു.
അതില്‍ പിന്നെയാണു ഞാന്‍ ഒരു പ്രതികാരദാഹിയായി മാറിയത്,
 നീ ആണു എല്ലാറ്റിനും കാരണം എന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു ആ
ദേഷ്യത്തില്‍ ആണു ഞാന്‍ കയറുമായി വന്നു നിന്നെ വിളിച്ചതു,
ഞാന്‍ കയറില്‍ ഒരു കുടുക്കിട്ടു നിന്‍റെ കഴുത്തില്‍ ഇട്ടപ്പോള്‍ നീ
ഒന്നു പ്രതിഷേധിച്ചതു പോലും ഇല്ല. ആ കയറ് അടുത്തുള്ള
മാവിന്‍റെ കൊമ്പിലൂടെ ഇട്ട് നിന്നെ വലിച്ചു  പൊക്കി അടുത്തുള്ള
തെങ്ങില്‍ കെട്ടി വെച്ഛപ്പോള്‍ നീ പ്രാണവേദന കൊണ്ടു പിടയുകയായിരുന്നു.
അനക്കമറ്റ നിന്‍റെ ശരീരം ആ മാവിനു താഴെ തന്നെ
ഞാന്‍ ഒരു കുഴിയെടുത്ത് മൂടി.

നീ എന്നെ സ്നേഹിച്ചതു പോലെ നിസ്വാര്‍ഥമായ ഒരു സ്നേഹം
ഞാന്‍ പിന്നീട് ആരിലും കണ്ടിട്ടില്ല.പെട്ടെന്നുള്ള ദേഷ്യത്തിലാണ്
അന്നങ്ങിനെ  ഒരു കടുംകൈ ചെയ്തു പോയതു,അതിനെ
കുറിച്ച് ആലോചിക്കാന്‍ ഉള്ള പ്രായം അന്നെനിക്കില്ലാത്തതിനാലാവാം
അങ്ങിനെ സംഭവിച്ചത്.ഒരു ആറാം ക്ലാസുകാരനു  ചിന്തിച്ചാല്‍ തന്നെ

എത്ര ചിന്തിക്കാന്‍ കഴിയും.അതു സ്നേഹമുള്ള നീ മനസ്സിലാക്കും
എന്ന പ്രതീക്ഷയോടെ ഞാന്‍ നിര്‍ത്തുന്നു...

സ്വന്തം
ഇന്നും നിന്നെ കുറിച്ച് ആലോചിക്കുന്ന നിന്‍റെ യജമാനന്‍..